സീറോ മലബാര്‍ രൂപതയുടെ ഏട്ടാമത് വാത്സിംഗാം തീര്‍ത്ഥാടനം ജൂലൈ 20 -ആം തിയതി ശനിയാഴ്ച വാത്സിംഗാമിലെ കാത്തലിക് മൈനര്‍ ബസലിക്കയില്‍ നടന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സീറോ മലബാര്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കിയത് കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസിസമൂഹമാണ്.
മറു നാട്ടിലെ മാതൃസ്‌നേഹമായി യുകെയിലെ മലയാളി ക്രൈസ്തവര്‍ പരിശുദ്ധ കന്യകാമറിയത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ എത്രയാഴത്തില്‍ ഏറ്റെടുത്തിട്ടുണ്ട് എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഈ തീര്‍ത്ഥാടനം.
ഏകദേശം നാലായിരത്തോളം വിശ്വാസികൾ പങ്കെടുത്ത തീര്‍ത്ഥാടനത്തില്‍ മരിയന്‍ ഗീതങ്ങളും ജപമാലസൂക്തങ്ങളും ഹല്ലെലുയ്യ പ്രഘോഷണങ്ങളും അലയടിച്ച മാതൃ സങ്കേതം ഭക്തിസാന്ദ്രമായി. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നാല്പതോളം പേരുള്‍ക്കൊണ്ട ഗായകസംഘം ആലപിച്ച ഗാനശുശ്രൂഷ സ്വര്‍ഗ്ഗീയ അനുഭൂതി പകര്‍ന്നു.രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമര്‍പ്പിച്ചു തീര്‍ത്ഥാടന തിരുന്നാളിന് ആരംഭമായി. തുടര്‍ന്ന് രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്റർ റവ. ഫാ. ഫാദർ ടോം ഓലിക്കരോട്ട് നല്‍കിയ മരിയന്‍ പ്രഘോഷണ സന്ദേശം തീര്‍ത്ഥാടകരില്‍ മാതൃഭക്തി ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റവും അടിമവക്കല്‍ ശുശ്രൂഷയും ആരംഭിച്ചു. ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ പ്രദക്ഷിണം ആരംഭിച്ചു .കൈകളില്‍ ജപമാലയുമേന്തി, അധരങ്ങളില്‍ ആവേ മരിയ ഗീതങ്ങളും പാടി, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നാലായിരത്തോളം വരുന്ന വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങി.
രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ തീര്‍ത്ഥാടകര്‍ തങ്ങളുടെ ബാനറുകളുടെ പിന്നില്‍ അണിനിരന്ന് മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമര്‍പ്പിച്ചും മാതൃവണക്ക ഗാനങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനാനിറവില്‍ നടത്തിയ പ്രദക്ഷിണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസത്തിന്റെ ആഴങ്ങള്‍ വിളിച്ചോതുന്നതായിരുന്നു.
ആഘോഷമായ സമൂഹ ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ചാൻസലർ ഫാ.മാത്യു പിണക്കാട്ട് , റവ. ഫാ. ഫാദർ ടോം ഓലിക്കരോട്ട് ആതിഥേയരായ കേംബ്രിഡ്ജ് റീജണല്‍ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിനു മുണ്ടുനടക്കൽ, അടക്കം നിരവധി വൈദികര്‍ സഹകാര്‍മ്മികരായി.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഒൻപതാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാദ്ധ്യസ്ഥവും രൂപതയുടെ വളര്‍ച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ സംരക്ഷിക്കുവാനും കാത്തുസൂക്ഷിക്കുവാനും ചേര്‍ത്തുപിടിക്കുന്ന പരിശുദ്ധ അമ്മയുടെ കരങ്ങള്‍ സുദൃഢമാണ്. മാര്‍ത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം.