എയ്ല്‍സ്ഫോര്‍ഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ത്ഥാടനം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണവും ദൈവിക അഭിഷേകവും സ്വീകരിച്ച ഭക്തിസാന്ദ്രമായ ഈ തിരുനാളില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വൈദികരും സമർപ്പിതരും വിശ്വാസികളും സംബന്ധിക്കും. ഉച്ചക്ക് 1.30ന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാന നടക്കും.രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരാകും. വിശുദ്ധ കുര്‍ബാനക്കു ശേഷം 3.30ന് ലദീഞ്ഞും തുടര്‍ന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി മുത്തുക്കുടകളുടെയും കൊടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും പതിനൊന്നു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണവും നടക്കും.
എയ്ല്‍സ്ഫോഡിൽ എല്ലാ മാസവും കര്‍മ്മലമാതാവിന്റെ സന്നിധിയില്‍ ആദ്യബുധനാഴ്ച ശുശ്രൂഷ നടത്തപ്പെടുന്നുണ്ട് . വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷ, കര്‍മ്മലമാതാവിന്റെ നൊവേന, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടുകൂടി രാത്രി എട്ടു മണിക്ക് സമാപിക്കുന്ന രീതിയിലാണ് ഈ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.